ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കൊറ്റാമത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ദന്തഡോക്ടറായ സൗമ്യയാണ് (31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആദര്‍ശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടില്‍ കിടപ്പിലാണ്. ഇവര്‍ക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ. താഴത്തെ നിലയിലായിരുന്നു കിടന്നിരുന്നത്. രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്‍ന്ന് ആദര്‍ശിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയായിരിക്കും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക.