കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ
കേരളത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്. വൈറല്‍ പനി ബാധിച്ച് അഞ്ച് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 40,000ത്തോളം രോഗികളാണ്. രോഗബാധിതര്‍ കൂടുമ്പോഴും കാരുണ്യ ഫാര്‍മസികളിലടക്കം മരുന്ന് ക്ഷാമവും വളരെ രൂക്ഷമായി തുടരുകയാണ്. കൂടാതെ നീണ്ടനിരയാണ് സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം. പനിക്ക് ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ല. നവംബറിലും ഡിസംബറിലും കണ്ട അതേ കാഴ്ചയാണ് പുതുവര്‍ഷത്തിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍.
ദിനംപ്രതി പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് പനിബാധിതരില്‍ കൂടുതലും.സാധാരണ വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ആളുകളെ ബാധിക്കുന്നുണ്ട്. അഞ്ച് ദിവസത്തിനിടെ ഡെങ്കി സ്ഥിരീകരിച്ചത് ഇരുന്നൂറിലേറെ പേര്‍ക്കാണ്. ഒരു മരണവും ഡെങ്കിമൂലമുണ്ടായി. മുപ്പതിലേറെ പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ചിക്കന്‍പോക്സും എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചും ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് എത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.