കണ്ണൂർ ജില്ലയിൽ ഡെങ്കിപ്പനി കൂടി; അതീവ ജാഗ്രത നിർദേശം

കണ്ണൂർ: ജില്ലയിലെ ഡെങ്കിപ്പനി കേസുകളിൽ മുൻ വർഷങ്ങളെക്കാൾ പത്തിരട്ടി വർധനയെന്നു കണക്കുകൾ. ഈ വർഷം ഓഗസ്റ്റ് 2 വരെ റിപ്പോർട്ട് ചെയ്തത് 3,200 കേസുകളാണ്.

ഈ വർഷം ജൂൺ വരെ ഇത് 2200 കേസുകളായിരുന്നു. അതേസമയം 2022, 2023 വർഷങ്ങളിൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണം 300ൽ താഴെ മാത്രമായിരുന്നു.

അറിയാം ഡെങ്കിപ്പനിയെ:

ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്ടസ് കൊതുകുകളാണു സാധാരണ ഡെങ്കിപ്പനി പരത്തുന്നത്. പൂർണ വളർച്ചയെത്തിയ, മുട്ടയിടാൻ പാകമായ ഒരു പെൺകൊതുകിന് ഒരാഴ്ചയ്ക്കുള്ളിൽ ശരാശരി 200 പുതിയ കൊതുകുകളെ സൃഷ്ടിക്കാനാകും.

മൂന്നോ നാലോ തവണ ഇത്തരത്തിൽ പെൺകൊതുകുകൾ മുട്ടയിടും. ഡെങ്കി വൈറസുള്ള കൊതുകിന്റെ ഉമിനീരിൽനിന്നാണു മനുഷ്യനിലേക്കു രോഗാണു എത്തുന്നത്.

രോഗാണുക്കൾ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

കടുത്ത പനി, കഠിനമായ തലവേദന, കൈകാലുകൾക്കു വേദന, പേശികൾക്കും സന്ധികൾക്കും വേദന, കണ്ണുകൾക്കു പിറകിൽ വേദന, ഓക്കാനം, ഛർദി, കടുത്ത ക്ഷീണം എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്.

രോഗം ആരംഭിച്ചു മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാം. മൂക്കിൽനിന്നു ചെറിയതോതിൽ രക്തം വരാം. ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവ മരണത്തിലേക്കു നയിച്ചേക്കാം.