തെരുവ്‌ നായ പ്രശ്‌നം; പൊതുജന നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിക്ക്‌ സമര്‍പ്പിക്കും : പി. പി. ദിവ്യ

കണ്ണൂർ : തെരുവ്‌ നായ പ്രശ്‌നം സംബന്ധിച്ച സുപ്രീം കോടതി കേസിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മുന്നൂറിലേറെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍.
ഓഗസ്‌റ്റ് 16 ന്‌ കേസ്‌ കോടതി വീണ്ടും പരിഗണിക്കും. ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ കോടതിക്ക്‌ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. കേസ്‌ നടത്തിപ്പിനുള്ള ചെലവിന്‌ അനുമതി നല്‍കാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിര്‍വ്വഹണ കലണ്ടര്‍ അടിസ്‌ഥാനത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്‌ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വാര്‍ഷിക പദ്ധതി പ്രവൃത്തികള്‍ ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ്‌ ലക്ഷ്യം. പദ്ധതികള്‍ സംബന്ധിച്ച്‌ ഡിവിഷന്‍ തല മോണിട്ടറിങ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ആറ്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനികള്‍ക്കായി 834 മെന്‍സ്‌ട്രല്‍ കപ്പ്‌ വിതരണം ചെയ്യാൻ യോഗത്തില്‍ തീരുമാനമായി. കല്യാശ്ശേരി കെ.പി.ആര്‍.ജി.എച്ച്‌.എസ്‌.എസ്‌ (173) , പാലയാട്‌ ജി.എച്ച്‌.എസ്‌.എസ്‌ (132), ചിറ്റാരിപറമ്ബ്‌ ജി.എച്ച്‌.എസ്‌.എസ്‌ (128), ചുഴലി ജി.എച്ച്‌.എസ്‌.എസ്‌. (90), പാല ജി.എച്ച്‌.എസ്‌.എസ്‌. (140) മാടായി ജി.എച്ച്‌.എസ്‌.എസ്‌. ഗേള്‍സ്‌ (178) എന്നിവിടങ്ങളിലാണ്‌ കപ്പുകള്‍ വിതരണം ചെയ്യുക. ജില്ലാ പഞ്ചായത്തിന്‌ കീഴിലെ ഫാമുകളില്‍ ക്യു ആര്‍ കോഡ്‌ അടിസ്‌ഥാനമാക്കിയ ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ സംവിധാനം എര്‍പ്പെടുത്താനും യോഗം അനുമതി നല്‍കി. ജില്ലാ പഞ്ചായത്തിന്‌ കീഴിലെ 38 സ്‌കൂളുകളില്‍ പ്രീ ഫാബ്രിക്കേറ്റഡ്‌ മോഡുലാര്‍ ടോയിലറ്റ്‌ സ്‌ഥാപിക്കുന്നതിന്‌ പ്രൊജകറ്റ്‌ മാനേജ്‌മെന്റ്‌ കണ്‍സല്‍ട്ടന്‍സിക്കായുള്ള ടെണ്ടറില്‍ സില്‍ക്കിന്റെ ടെണ്ടര്‍ അംഗീകരിച്ചു.

കല്യാശ്ശേരി സിവില്‍ സര്‍വീസ്‌ അക്കാദമിയിലെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക്‌ യോഗം നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യന്‍, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ്‌ ബാബു, അഡ്വ. കെ.കെ. രത്നകുമാരി, യു.പി. ശോഭ, അഡ്വ. ടി. സരള, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എ.വി. അബ്‌ദുള്‍ ലത്തീഫ്‌, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.