മൂന്നുവയസുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മൂന്നുവയസുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ കഴിഞ്ഞ ദിവസം മൂന്നുവയസുകാരിയെ കടിച്ച നായയ്ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കകം നായ ചത്തിരുന്നു.

മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെയായിരുന്നു റീജന്‍- സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെ നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടിയെ രക്ഷിച്ചത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ കുട്ടി തിരുവനന്തുപരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

കുട്ടിയെ കടിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചത്ത നായയുടെ ജഡം മറവു ചെയ്തിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നായയുടെ ജഡം പുറത്തെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ആ പരിശോധനയിലാണ് നായക്ക് പേ വിഷാബാധ സ്ഥിരീകരിച്ചത്.