100 ഐസിയു ബെഡ്ഡുകളുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്


മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടറായി ചുമതലയേറ്റ ഡോ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തീവ്ര പരിചരണം, സ്‌നേക് ബൈറ്റ് ആൻഡ് ടോക്സിക് ഐ സി യു, സ്റ്റെപ് ഡൌൺ ഐ സി യു എന്നിവ ആരംഭിക്കുന്നതോടെ മൊത്തം ഐ സി യു ബെഡ്ഡുകളുടെ എണ്ണം 100 ആകും.
ജില്ലയിൽ ദിനംപ്രതി തീവ്രപരിചരണവിഭാഗത്തിന്റെ അവശ്യകത കൂടി വരുന്ന സാഹചര്യത്തിലാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഐസിയു ബെഡ്ഡുകളുടെ എണ്ണം 100 ആക്കി ഉയർത്തിയത്. ഇതോടുകൂടി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ തീവ്രപരിചരണ വിഭാഗം കിടക്കകളുള്ള ആശുപത്രിയായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് മാറി.

കേരളത്തിൽ നിപ്പാ രോഗ നിർണ്ണയത്തിലും തുടർന്നുള്ള രോഗ നിയന്ത്രണത്തിലും ഗണ്യമായ പങ്ക് വഹിച്ച ഡോ. അനൂപ് കുമാറിന്റെയും വിദഗ്ദ്ധരായ അദ്ദേഹത്തിന്റെ ക്രിറ്റിക്കൽ കെയർ ടീമിന്റെയും മേൽനോട്ടവും സഹകരണവും ഇനി ഇവിടുത്തെ തീവ്ര പരിചരണ വിഭാഗത്തിന് ലഭിക്കുന്നു എന്നത് വയനാടിന് ഏറെ നേട്ടമാണ്. പ്രത്യേകിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ് തുടങ്ങിയവയുടെ ആനുകൂല്യങ്ങൾക്കായി ജില്ലക്കകത്തും പുറത്തുനിന്നുമായി ഒട്ടനവധി രോഗികൾ ആശ്രയിക്കുന്ന നിലക്ക്.

പുതുതായി ആരംഭിക്കുന്ന അത്യാഹിത വിഭാഗം തീവ്ര പരിചരണം, സ്‌നേക് ബൈറ്റ് ആൻഡ് ടോക്സിക് ഐ സി യു, സ്റ്റെപ് ഡൌൺ ഐ സി യു എന്നിവയുടെ ഉദ്ഘാടനം കൽപ്പറ്റ എം എൽ എ ടി. സിദ്ദിഖ്, കളക്ടർ ഡോ.രേണു രാജ് ഐ എ എസ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂൺ 14ന് നടക്കുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ആസ്റ്റർ നോർത്ത് കേരളാ ക്രിറ്റിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഐസിയു സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 8111881234(മാനേജർ ഓൺ ഡ്യൂട്ടി)ൽ വിളിക്കാവുന്നതാണ്.