കിടപ്പുരോഗികൾക്ക് ഷോപ്പിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പി എം ആർ വിഭാഗം


മേപ്പാടി: അപകടങ്ങൾ സംഭവിച്ചും പക്ഷാഘാതം വന്ന് തളർന്നവരും ജന്മനാ ഉള്ള വൈകല്യങ്ങൾ കാരണവും ദീർഘ നാളായി കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒറ്റപ്പെടലിന്റെ വ്യാകുലതകൾ പേറുന്നവരായിരിക്കും. ഒരുപക്ഷെ അവർ വീടിന്റെയോ ആശുപത്രി മുറിയുടെയോ നാലു ചുവരുകൾക്കിടയിൽ കിടക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, മേല്പറഞ്ഞ അസുഖബാധിതരായ, തങ്ങളുടെ കീഴിൽ ചികിൽസക്കായി അഡ്മിറ്റ് ചെയ്ത രോഗികൾക്ക് കളിയും ചിരിയും പുറം കാഴ്ചകളും സമ്മാനിച്ചുകൊണ്ട് ഒരു ഷോപ്പിംഗ് യാത്ര നടത്തിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗം തലവൻ ഡോ. ബബീഷ് ചാക്കോയും സംഘവും. കൽപ്പറ്റ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചായിരുന്നു ആ ഉദ്യമം നടത്തിയത്.
ഇത്തരം രോഗികളെ വിധി എന്നുപറഞ്ഞ് തളർത്താതെ അവരുടെ ശാരീരിക മാനസീക അവസ്ഥകളെ കൂടി കണക്കിലെടുത്ത് അവരെ നിത്യജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇത്തരം പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ഡോ. ബബീഷ് ചാക്കോ പറഞ്ഞു. ഒപ്പം പൊതു സമൂഹത്തിന്റെ പൂർണ്ണ പിന്തുണയും ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.