ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സര്‍വകലാശാല എംബിബിഎസ് ബിരുദം സമ്മാനിച്ചു

തൃശ്ശൂര്‍: കൊട്ടാരക്കര താലൂക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വച്ച് അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സര്‍വകലാശാല എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ മാതാപിതാക്കളായ കെജി മോഹന്‍ദാസും വസന്തകുമാരിയും ചേര്‍ന്ന് സര്‍ടിഫികറ്റ് ഏറ്റുവാങ്ങി.

ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് നിറകണ്ണുകളോടെയാണ് ഇരുവരും സര്‍ടിഫികറ്റ് സ്വീകരിച്ചത്. പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു.

മേയ് 10-നാണ് കൊട്ടാരക്കര കുടവത്തൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ കുത്തേറ്റ് കൊട്ടാക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദനാ ദാസ് (23) മരിച്ചത്. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അവിടെ ഉണ്ടായിരുന്ന കത്രിക എടുത്ത് പ്രതി ആക്രമിച്ചത്. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ കെജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു.