കണ്ണൂരിൽ ലഹരിക്കേസുകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് എക്സൈസ്.

കണ്ണൂർ: വ്യാജമദ്യ-അനധികൃത മദ്യ ഒഴുക്ക് തടയുന്നതിന് ഓണക്കാലത്തോടനുബന്ധിച്ച്‌ ഏർപ്പെടുത്തിയ സ്പെഷല്‍ ഡ്രൈവ് ജില്ലയില്‍ ഫലപ്രദം.
കഴിഞ്ഞ ഓഗസ്റ്റ് 14 മുതല്‍ ആരംഭിച്ച സ്പെഷല്‍ ഡ്രൈവില്‍ കേസുകളുടെ എണ്ണത്തില്‍ വർധനവെന്ന് എക്സൈസ്. കഴിഞ്ഞ തിങ്കളാഴ്ചവരെ അബ്കാരി- മയക്കുമരുന്നുകളില്‍ 193 കേസുകളാണ് ജില്ലയില്‍ രജിസ്റ്റർ ചെയ്തത്. ഇതില്‍ പ്രതികളായ 162 പേർ അറസ്റ്റിലുമായി. 149 അബ്കാരി കേസുകളില്‍ 115 പേരും 44 മയക്കുമരുന്നു കേസുകളില്‍ 47 പേരും അറസ്റ്റിലായി.

16.5 ലിറ്റർ ചാരായവും അനധികൃതമായി സൂക്ഷിച്ച 399.900 ലിറ്റർ വിദേശമദ്യവും 102.560 ലിറ്റർ മാഹി-കർണാടക മദ്യവും പിടികൂടി. 2025 ലിറ്റർ വാഷ് നശിപ്പിച്ചു. 2.227 കിലോഗ്രാം കഞ്ചാവ്, 160.029 ഗ്രാം മെത്താഫിറ്റമിൻ, 0.25 ഗ്രാം എംഡിഎംഎ, 0.346 ഗ്രാം ബ്രൗണ്‍ഷുഗർ, എല്‍എസ്ഡി സ്റ്റാന്പുകള്‍ എന്നിവ പിടികൂടി. 452 പുകയില കേസുകളില്‍ 5.74 കിലോഗ്രാം ഉത്പന്നങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും 91601 രൂപ പിഴ ഇടാക്കുകയും ചെയ്തിരുന്നു. കൂട്ടുപുഴയിലും മാഹിയിലും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച്‌ കർശന പരിശോധന നടത്തി വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

പരാതികള്‍ അറിയിക്കാം

‌ഓണക്കാലത്തെ ലഹരിക്കടത്തിന് തടയിടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും ബോർഡർ പട്രോളിംഗ് യൂണിറ്റുകളും പ്രവർത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് താഴെ കാണുന്ന നമ്ബറുകളില്‍ പരാതി അറിയിക്കാം. എക്‌സൈസ് ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം- 04972706698, എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നർക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് കണ്ണൂർ-9400069698, എക്‌സൈസ് സർക്കിള്‍ ഓഫീസ് കണ്ണൂർ-940006969, ഇ.ഐ. ആൻഡ് ഐ.ബി. കണ്ണൂർ-9400069714. (ടോള്‍ ഫ്രീ നമ്ബർ 155358). ചെക്ക്‌പോസ്റ്റ് ന്യൂ മാഹി-9496499820, ചെക്ക്‌പോസ്റ്റ് കൂട്ടുപുഴ-9400069713.