മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു

മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ സൈനിക മേധാവി അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചെന്ന് സൈന്യം അറിയിച്ചു.

മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മാൻഡലെ പൂർണമായും തകർന്നടിഞ്ഞു.പട്ടാളഭരണമുള്ള മ്യാൻമറിൽ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മ്യാൻമറിന്റെ തലസ്ഥാനമായ നായ്‌പിഡോ ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു.