സ്ഥാനാർത്ഥികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് നേരിട്ടറിയാം

തിരുവനന്തപുരം: രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്കായി പത്ത് ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. അപ്പോൾ പോളിംഗ് ബൂത്ത് കണ്ടുപിടിക്കുക ശ്രമകരമാണെന്ന് ചിലർക്കെങ്കിലും തോന്നുക സ്വാഭാവികം. ഈ സാഹചര്യത്തിലാണ് വോട്ടർമാർക്ക് തങ്ങളുടെ ബൂത്ത് ഏതാണ് എന്നറിയാനുള്ള എളുപ്പവഴി ഇലക്ഷൻ കമ്മീഷൻ ഒരുക്കുന്നത്. electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തങ്ങളുടെ ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാനാകും.

വെബ്‌സൈറ്റില്‍ പ്രവേശിച്ച് പേര്, ജനനത്തീയതി, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്നു അറിയാനാകും. കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നൽകിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം.

പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയും ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച്‌ കൂടുതൽ അറിയാനുള്ള മൊബൈൽ ആപ്ലിക്കേഷനാണ് നോ യുവര്‍ കാൻഡിഡേറ്റ് (കെ.വൈ.സി ) ആപ്ലിക്കേഷൻ.

അതത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വോട്ടർമാർക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പ് ആണ് കെവൈസി. വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കാനാകും. സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളും കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.