സംസ്ഥാനത്ത് പരസ്യ പ്രചാരണം നാളെ അവസാനിക്കും

മലയോരത്തെ വന്യജീവി ശല്യം മുതല്‍ രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗം വരെ ഇഴകീറി ചർച്ചചെയ്ത സംസ്ഥാനത്ത് പ്രചാരണത്തിന് ബുധനാഴ്ച തിരശ്ശീല വീഴുമ്ബോള്‍ സർവ തന്ത്രങ്ങളുമെടുത്ത് ജനവിധി അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികള്‍.

കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വസം യു.ഡി.എഫ് പ്രകടിപ്പിക്കുമ്ബോള്‍ അന്നത്തെ അപ്രതീക്ഷിത ആഘാതത്തില്‍നിന്ന് കരകയറുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. രണ്ടക്കം കാണുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തമാശയായെങ്കിലും ചില മണ്ഡലങ്ങളില്‍ കനത്ത പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിക്കായി.

ആറ്റിങ്ങല്‍, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണുള്ളത്. ട്വന്‍റി ട്വന്‍റി നേടുന്ന വോട്ടുകളുടെ തോത് ചാലക്കുടിയില്‍ നിർണായകമാണ്. യാക്കോബായ സഭ ഇടതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും ശക്തമായ ത്രികോണ മത്സരം നടക്കുന്നു.

13 സീറ്റ് യു.ഡി.എഫ് വൃത്തങ്ങള്‍ ഉറപ്പിക്കുന്നു. മറ്റ് അഞ്ചിലധികം മണ്ഡലങ്ങളില്‍ വിജയം സാധ്യമാകുമെന്നാണ് അവരുടെ പ്രതീക്ഷ. 20 ഉം നേടുമെന്നാണ് നേതാക്കളുടെ പരസ്യനിലപാട്. കടുത്ത മത്സരമുള്ള കണ്ണൂരില്‍ സ്ഥിതി മെച്ചപ്പെട്ടെന്നും വടകര അനുകൂലമായെന്നുമാണ് യു.ഡി.എഫ് വിലയിരുത്തല്‍.

കഴിഞ്ഞ തവണത്തെ നാണക്കേട് മറികടന്ന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് ഇടത് പ്രതീക്ഷ. 20 സീറ്റില്‍ അന്ന് വിജയിക്കാനായത് ആലപ്പുഴ മാത്രമമായിരുന്നു.

16 സീറ്റുകളില്‍ വരെ വിജയം പറയുന്നുണ്ടെങ്കിലും അഞ്ച്-ആറ് സീറ്റിലാണ് ഉറച്ച പ്രതീക്ഷ. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂർ, കണ്ണൂർ, വടകര എന്നിവയൊക്കെ ഇടതിന്‍റെ പ്രതീക്ഷ പട്ടികയില്‍ മുന്നിലാണ്. അഞ്ച് മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് ബി.ജെ.പി കാഴ്ചവെക്കുന്നത്. ചില മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ അവർക്ക് വോട്ട് കൂടാം.

ദേശീയ രാഷ്ട്രീയവും സംസ്ഥാന സർക്കാറിന്‍റെ നടപടികളുമാണ് പ്രചാരണത്തില്‍ നിറഞ്ഞത്. ബി.ജെ.പി സർക്കാർ നടപടികളില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. സി.എ.എയും മണിപ്പൂരും സജീവ വിഷയങ്ങളാണ്. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സംസ്ഥാനത്തെ പ്രചാരണ രംഗത്തും മുഖ്യവിഷയമായി. സാഹചര്യം അനുകൂലമാക്കാൻ യു.ഡി.എഫും ഇടതും കിണഞ്ഞ് ശ്രമിക്കുന്നു.

ദേശീയതലത്തില്‍ ഇവ ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും കടുത്ത വിമർശനം പരസ്പരം നടത്തുന്നത് ഈ വോട്ട് ചോർച്ചക്ക് തടയിടാനാണ്. ദേശീയ തലത്തില്‍ ഒന്നാംഘട്ടത്തില്‍ ബി.ജെ.പിക്ക് പലയിടത്തും ക്ഷീണമുണ്ടാകുമെന്ന വാർത്തകള്‍ കേരളത്തില്‍ അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് തുടരുമ്ബോള്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന ഉറച്ച നിലപാടാണ് ഇടതുമുന്നണി മുന്നോട്ടുവെക്കുന്നത്. ബി.ജെ.പിവിരുദ്ധ നിലപാടില്‍ കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യം അവർ ഉയർത്തുന്നു.

ഫലസ്തീൻ, സി.എ.എ അടക്കം വിഷയങ്ങളില്‍ ഉറച്ച നിലപാടിനും ഇടതുപക്ഷം മടി കാണിച്ചിട്ടില്ല. പുതിയ ദേശീയ സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ട് എങ്ങോട്ട് എന്നത് ഫലത്തില്‍ നിർണായകമാകും. ഇടതിനോടുള്ള എതിർപ്പില്ലെങ്കിലും ദേശീയ സാഹചര്യം ഘടകമാകും.

ഭരണവിരുദ്ധ വികാരം യു.ഡി.എഫ് ആയുധമാക്കുമ്ബോള്‍ പ്രതിരോധം തീർക്കുകയാണ് ഭരണപക്ഷം. കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തായതിനാല്‍ യു.ഡി.എഫിന് അത്തരം പ്രതിസന്ധികളില്ല. വിലക്കയറ്റം, ക്ഷേമ പെൻഷൻ കുടിശ്ശിക, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വൈകുന്നത്, സപ്ലൈകോയില്‍ സാധാനങ്ങളുടെ കുറവ്, വന്യജീവി വിഷയമടക്കം ഉയർന്നിട്ടുണ്ട്.