സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു

മൂലമറ്റം: അന്തരീക്ഷ താപനില ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ 25 ലക്ഷം യൂനിറ്റ് വർധന ഉണ്ടായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ജനുവരി 15ന് 81.8 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗമെങ്കിൽ 21ന് 84.64 ദശലക്ഷം യൂനിറ്റായി വർധിച്ചു. വരുംദിവസങ്ങളിലും വൈദ്യുതി ഉപഭോഗത്തിൽ ക്രമാതീത വർധനയുണ്ടാകുമെന്നാണ് സൂചന.

2023 ഏപ്രിൽ 19ലെ വൈദ്യുതി ഉപഭോഗമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്നത്, 102.99 ദശലക്ഷം യൂനിറ്റ്.

അതിന് മുമ്പത്തെ ഉയർന്ന ഉപഭോഗം 2022 ഏപ്രിലിലെ 92.88 ദശലക്ഷം യൂനിറ്റായിരുന്നു. ഓരോ വർഷവും മുൻവർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തിൽ ശരാശരി 10 ശതമാനത്തിന്‍റെ വർധന ഉണ്ടാകുന്നു. ഇത് കണക്കിലെടുത്താൽ ഈ വർഷം ഏപ്രിലിൽ നിലവിലെ റെക്കോഡും തിരുത്തപ്പെടാനാണ് സാധ്യത.

വൈദ്യുതി ഉപഭോഗം റെക്കോഡ് ഭേദിക്കുമ്പോൾ അതിനനുസരിച്ച് ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ കഴിയുന്നില്ല.