എമ്പുരാനിൽ വെട്ടിമാറ്റിയത് 24 ഭാഗങ്ങൾ; നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെയും ഒഴിവാക്കി
എമ്പുരാന്റെ ഒറിജിനൽ പതിപ്പിൽ 17 അല്ല മറിച്ച് 24 ഇടത്താണ് വെട്ടിയതെന്ന് വിവരം. ചിത്രത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവനായും ഒഴിവാക്കി. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീനും ഒഴിവാക്കിയിട്ടുണ്ട്. ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്ത വിവരങ്ങളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. പ്രധാന വില്ലൻ കഥാപാത്രവും മറ്റൊരു വില്ലൻ കഥാപാത്രവും തമ്മിലെ സംഭാഷണം വെട്ടിമാറ്റി. എൻഐഎയെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌രംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി. റീ എഡിറ്റിംഗ് സെൻസർ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ചിത്രത്തിനെതിരെ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ തന്നെ സെൻസർ ബോർഡിനെ സമീപിച്ചത്. ഇതേത്തുടർന്ന് അവധി ദിവസമായ ഞായറാഴ്ച തന്നെ റീ സെൻസറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. ഉച്ചവരെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും പ്രദർശിപ്പിക്കുക.