സഹപാഠിയെ പ്രണയിച്ചതിന് അച്ഛൻ വിഷം നല്‍കിയ പതിനാലുകാരി ചികിത്സയിലിരിക്കെ മരിച്ചു

എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛൻ വിഷം നല്‍കിയ പതിനാലുകാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷമാണ് അച്ഛൻ കീടനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ച് നല്‍കിയത്. സംഭവത്തില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കൊടും ക്രൂരത. കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം അച്ഛൻ കീടനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിന് പുറത്താക്കിയായിരുന്നു മകളോട് അച്ഛന്‍റെ ഈ ക്രൂരത. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമായിരുന്നു അച്ഛന്‍റെ വൈരാഗ്യത്തിന് കാരണം. പ്രണയ ബന്ധം അറിഞ്ഞ അച്ഛൻ ഫോൺ ഉപയോഗിക്കുന്നതിനടക്കം മകളെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതറിഞ്ഞ് രോക്ഷാകുലനായ അച്ഛൻ ഞായറാഴ്ച രാവിലെയാണ് മകളെ കമ്പി വടികൊണ്ട് അടിച്ച് കയ്യും കാലും ഒടിച്ചത്.