ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

ചോദ്യക്കടലാസ് ചോര്‍ച്ച വ്യാപകമായതോടെ, സ്‌കൂള്‍ പരീക്ഷക്ക് ഡിജിറ്റല്‍ പൂട്ടിടാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ്.

ഇതിനായി ‘ഓട്ടോമേറ്റഡ് ക്വസ്റ്റ്യന്‍ പേപ്പര്‍ ജനറേറ്റിങ് സിസ്റ്റം’ എന്ന സോഫ്റ്റ്‌വെയർ തയ്യാറാക്കും. പരീക്ഷ ദിവസം മാത്രം ചോദ്യ കടലാസ് ഡിജിറ്റലായി സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തിൽ ആയിരിക്കും സോഫ്റ്റ്‌വെയർ.

ചോദ്യക്കടലാസ് ചോര്‍ച്ച അന്വേഷിക്കുന്ന സമിതിയോട് പരീക്ഷ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ നിര്‍ദേശിച്ചു. എസ് സി ഇ ആര്‍ ടിയും മാര്‍ഗരേഖ തയ്യാറാക്കും.

യു.പി.തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലാണ് പരിഷ്‌കാരം. ചോദ്യ കടലാസ് ലഭിക്കാന്‍ പ്രത്യേക സുരക്ഷ നമ്പര്‍ ഉണ്ടാവും. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മുന്‍പ് മാത്രം ലഭിക്കുന്ന ചോദ്യ കടലാസ് സ്‌കൂള്‍ അധികൃതര്‍ പ്രിന്റെടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കണം.

എല്ലാ വിഷയങ്ങളിലും ചോദ്യ ബാങ്ക് നിര്‍ബന്ധമാക്കും. ചോദ്യ കടലാസ് തയ്യാറാക്കുന്നതില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങള്‍ തയ്യാറാക്കി ചോദ്യ ബാങ്കിലിടും.

ഇതില്‍ ഏതെങ്കിലും ഒന്നിൽ ആയിരിക്കും പരീക്ഷക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യ കടലാസ് ഉള്ളതിനാല്‍ എല്ലാ സ്‌കൂളിലും ഒരേ വിഷയത്തില്‍ ഒരേ ചോദ്യ കടലാസ് ആയിരിക്കില്ല ലഭിക്കുക.

ചോര്‍ച്ച തടയാന്‍ ഇത് സഹായിക്കും എന്നാണ് വിലയിരുത്തല്‍. ചോദ്യ കടലാസ് നിര്‍മാണം, അച്ചടി, വിതരണം തുടങ്ങിയവക്കുള്ള സാമ്പത്തിക ഭാരം ഒഴിവാക്കാനും ഡിജിറ്റല്‍ പരീക്ഷ രീതി സഹായകമാവും.