കൊല്ലപ്പെട്ടവരുടെ തലയിൽ മാരകമായ മുറിവ്,പ്രതി എന്ത് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെയാണ് ഇരുപത്തിമൂന്നുകാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അ‍ഞ്ച് കൊലപാതകവും ഒരു കൊലപാതക ശ്രമവുമാണ് ഇന്നലെ നാടിനെ നടുക്കി 23കാരൻ നടത്തിയത്. തലയ്ക്കടിച്ചാണ് എല്ലാവരെയും അഫാൻ കൊലപ്പെടുത്തിയത്. പിതൃമാതാവായ സൽമ ബീവിയെ കൊലപ്പെടുത്തിയത് ചുമരിൽ തലയിടിപ്പിച്ചാണ്. മാതാവ് ഷെമിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും ചുമരിൽ തലയിടിപ്പിച്ചാണ്.

മറ്റ് നാല് പേരെ കൊലപ്പെടുത്തിയത് ഇരുമ്പ് ചുറ്റിക പോലത്തെ ആയുധം ഉപയോ​ഗിച്ചാണെന്നാണ് പൊലീസ് നി​ഗമനം. കൊല്ലപ്പെട്ടവരുടെ തലയിൽ മാരകമായ മുറിവുണ്ട്. അഫാൻ കൊലപ്പെടുത്തിയ പെൺ സുഹൃത്തായ ഫർസാനയുടെ നെറ്റിയിൽ‌ വലിയ ചതവുണ്ടായിരുന്നു. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ആയുധം കണ്ടെത്താൻ‌ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ഇവരുടെ കമ്മൽ വെഞ്ഞാറമൂട്ടിലെ ഒരു പണയ സ്ഥാപനത്തിലെത്തി പണയപ്പെടുത്തിയിരുന്നു. എന്നാൽ ഈ പണം പ്രതി എന്ത് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല.