സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കുക

കണ്ണൂർ: മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. എംപി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു.

തുടർച്ചയായ പനി വരുമ്പോൾ സ്വയംചികിത്സ നടത്താതെ കൃത്യമായ വൈദ്യസഹായം തേടുകയും പരിശോധനകൾ നടത്തുകയും ചെയ്യുക. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാൻ ജലസ്രോതസ്സുകൾ മലിനമാവുന്നത് തടയുക. കോവിഡ് കേസുകൾ വളരെ കുറഞ്ഞുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഡെങ്കിപ്പനി കേസുകൾ ഇതുവരെ കുറവാണ് കാണുന്നത്. എങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര ഭാഗങ്ങളിലും കോർപറേഷനിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കേസുകൾ കുടുതൽ.

14 തദ്ദേശ സ്ഥാപനങ്ങൾ ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ രോഗബാധയുടെയും ഈ വർഷത്തെ കേസുകളുടെയും അടിസ്ഥാനത്തിലാണിത്.

റബ്ബർ പ്ലാന്റേഷനുകൾ ഉള്ള സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ. റബ്ബർ പ്ലാന്റേഷനുകളിൽ ഉപയോഗിക്കാത്ത ചിരട്ടകൾ കമിഴ്ത്തി വെക്കാൻ ശ്രദ്ധിക്കുക. കൊതുകു നശീകരണത്തിന് കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

എലിപ്പനി വരാതിരിക്കാനുള്ള വലിയൊരു മുൻകരുതൽ യഥാവിധിയുള്ള മാലിന്യ സംസ്‌കരണമാണ്. എലിയുടെയും കന്നുകാലിയുടെയും നായ, പൂച്ച എന്നിവയുടെ മൂത്രം കലർന്ന വെള്ളം അല്ലെങ്കിൽ മണ്ണുമായി സമ്പർക്കം വരുമ്പോഴാണ് എലിപ്പനി വരുന്നത്. ഇത്തരം സമ്പർക്കമുള്ള ജോലി ചെയ്യുന്ന കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുക. ഇത് ആരോഗ്യ വകുപ്പ് ആശ പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നുണ്ട്.

ജോലി ചെയ്യുമ്പോൾ കാലിൽ ബൂട്ടുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ മലിനമായ ജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഒഴിവാക്കാം. കെട്ടിനിൽക്കുന്ന വെള്ളത്തിലും അഴുക്കുവെള്ളത്തിലും കുളിക്കുക, വാഹനം കഴുകുക, കയ്യും കാലും കഴുകുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക.
എലിപ്പനി ബാധിച്ച് കഴിഞ്ഞ വർഷം എട്ടോളം മരണം ഉണ്ടായി. മരുന്ന് കഴിക്കുന്നതിലൂടെ എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കാം.

എലിപ്പനി ബാധിച്ച് നാലഞ്ച് ദിവസം കഴിയുമ്പോൾ വൃക്കകളേയും കരളിനേയും ബാധിച്ച് രോഗം സങ്കീർണമാവാൻ സാധ്യതയുണ്ട്. ശക്തമായ മേലുവേദന ഉള്ള പനി എലിപ്പനിയോ ഡെങ്കിപ്പനിയോ ആവാം. ഇതിന് വേദനാസംഹാരികളും മറ്റും ഉപയോഗിച്ചുള്ള സ്വയം ചികിത്സ ചെയ്യരുത്. ഇത് എലിപ്പനി ബാധിച്ചവരിൽ വൃക്കകളുടെ പ്രവർത്തനം കൂടുതൽ തകരാറിലാക്കും.

ചിക്കൻ പോക്‌സിൽ വലിയ വർധനവ് ഈ വർഷം ഉണ്ടായി. ആൻറി വൈറൽ മരുന്ന് തുടക്കത്തിൽ തന്നെ കൊടുത്താൽ ന്യൂമോണിയ പോലെ സങ്കീർണമായ അവസ്ഥ ഉണ്ടായി പ്രായമുള്ളവരിലും മറ്റ് രോഗമുള്ളവരിലും മരണം ഉണ്ടാവാനുള്ള സാധ്യത ഒഴിവാക്കാം. വന്നുകഴിഞ്ഞാൽ ഉടൻ തന്നെ ചികിത്സ തേടുകയാണ് വേണ്ടത്.
ചെള്ളുപനി കേസുകളിൽ തലച്ചോറിനെ ബാധിച്ച് അപൂർവ്വമായെങ്കിലും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ന്യൂമോണിയ ഉണ്ടാവാം. തുടർച്ചയായി പനി വരുമ്പോൾ ചികിത്സ തേടുക.
ഭക്ഷ്യവിഷബാധ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങളിലെ അന്നദാനം, വീടുകളിലെ വിവാഹം എന്നിവ ബന്ധപ്പെട്ടിട്ടാണ് ഈ കേസുകൾ. തിളപ്പിച്ചാറ്റിയ വെള്ളത്തിനൊപ്പം മലിനമായ ജലം ചേർക്കുന്നതാണ് ഒരു കാരണം. ഭക്ഷണം നേരത്തെ തയ്യാറാക്കി കൊടുക്കുന്നതും കാരണമാണ്.

കല്യാണങ്ങളിൽ വെൽകം ഡ്രിങ്കിൽ ചേർക്കുന്നത് പലപ്പോഴും ഭക്ഷ്യയോഗ്യമായ ഐസ് ആയിരിക്കില്ല. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുന്നു.
ഹെപ്പറ്റൈറ്റിസ് എകൂടുതൽ ഉണ്ടായത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. നിലവിൽ നിയന്ത്രണ വിധേയമാണ്. ഇത് പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലുടെയുമാണ്.