മത്തിയുടെ വില കുതിച്ച് ഉയരുന്നു

മത്തിയുടെ വില കുതിച്ച് ഉയരുന്നു. നൂറ് രൂപ ഉണ്ടായിരുന്ന മത്തിയുടെ വില നാനൂറ് രൂപയായി. കാലാവസ്ഥ വ്യതിയാനവും ട്രോളിങ് നിരോധനവും കാരണം മത്സ്യ ലഭ്യതയിൽ വന്ന കുറവ് മത്സ്യ തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു.

മൺസൂൺ കാലത്ത് ആഴക്കടലിൽ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യ ബന്ധനം നിർത്തി മത്സ്യ ലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ നാല് വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റ് തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്. ഇൻ ബോർഡ്, ഔട്ട് ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യ ബന്ധനത്തിനുള്ള അനുമതി.

മത്തി, അയല, നത്തോലി, വറ്റ എന്നിവ കേരള തീരത്ത് നിന്ന് അപ്രത്യക്ഷമായെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസാണ്. കേരളത്തിന്റെ തീരക്കടലിലെ ചൂട് പലപ്പോഴും 28-32 ഡിഗ്രി സെൽഷ്യസ് വരെയാകുന്നു. ഇതിനാൽ മുഴുത്ത മത്തികൾ തീരക്കടലിൽ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുകയാണ്.

ഇവിടെ തുടരുന്ന മത്തികൾ ഭക്ഷണം കിട്ടാതെ ചെറുതായി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചെറിയ മത്തികൾ ഭൂരിഭാഗവും തമിഴ്നാട്ടിലേക്ക് അടക്കം കോഴി തീറ്റക്കും മറ്റുമായി കയറ്റി അയക്കുകയാണ് ചെയ്യുക.