ഗൾഫിലേക്കുള്ള വിമാന ടിക്കറ്റിൽ ആറിരട്ടി വർധന

കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികൾ. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോൾ കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന.

നാട്ടിലേക്ക് വർഷാവർഷം അവധിക്ക് എത്തുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യവാരത്തിലാണ്. സെപ്തംബർ ഒന്നാം തീയതിയിലെ ടിക്കറ്റ് നിരക്കുകൾ പരിശോധിക്കുമ്പോഴാണ് പ്രവാസികളുടെ കണ്ണ് തള്ളിപ്പോകുന്നത്. മുംബൈയിൽ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ഒമാൻ എയറിന്റെ ടിക്കറ്റുണ്ട്. എന്നാൽ, തിരുവനന്തപുരത്തുനിന്ന് നോക്കിയപ്പോൾ റിയാദിലേക്ക് എയർ അറേബ്യ 78, 972 രൂപയാണ് ഈടാക്കുന്നത്. അതായത് മുംബൈയും കേരളവും തമ്മിൽ ഗൾഫിലേക്ക് ആറിരട്ടിയിലധികം രൂപയുടെ വർധന. ദുബായിലേക്ക് സെപ്തംബർ ഒന്നിനത്തെ ടിക്കറ്റിന് എമറൈറ്റ്സ് 72,143 രൂപയും റിയാദിലേക്കുള്ള ടിക്കറ്റിന് എത്തിഹാദ് 70,426 രൂപയും ഈടാക്കുന്നു. എയർ ഇന്ത്യ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, കേരളത്തിൽ നിന്ന് ദുബായിലേക്ക് 47, 662 രൂപയാണ് എയർ ഇന്ത്യ ഈടാക്കുന്നത്.

ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള അധികാരം യുപിഎ ഭരണകാലത്ത് കേന്ദ്ര സർക്കാൻ വിമാനക്കമ്പനികൾക്ക് വിട്ടുനൽകിയതാണ് ഈ നിരക്ക് വർധനവിന് കാരണം. പ്രവാസികളുടെ നടുവൊടിക്കുന്ന നിരക്ക് വർധന ഉണ്ടാകുമ്പോഴും വിഷയത്തിൽ ഇടപെടാൻ കേന്ദ്രം തയ്യാറാകുന്നില്ല