ഫോക് ലോർ അക്കാദമി നാടന്‍ കലാകാര
പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി 2022 ലെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാര്‍ഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലിഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ എഴുതിയോ ടൈപ്പ് ചെയ്തോ കലാകാരന്‍ ഒപ്പിട്ട് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പരിചയപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കണം. പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, അനുഷ്ഠാന കലയാണെങ്കില്‍ ബന്ധപ്പെട്ട കാവുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം ചേര്‍ക്കാം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാര്‍ഡിന് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ആ അപേക്ഷയിലും മേല്‍ വിവരങ്ങളെല്ലാം അടക്കം ചെയ്തിരിക്കണം. അതോടൊപ്പം അവാര്‍ഡിന് അപേക്ഷിക്കുന്നതിനുളള കലാകാരന്റെ സമ്മതപത്രവും അടക്കം ചെയ്യണം. ഒരു കാലകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങള്‍ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അടക്കം ചെയ്യണം. അപേക്ഷിക്കേണ്ട അവാര്‍ഡുകളും അവക്കുളള പ്രത്യേക നിബന്ധനകളും.

ഫെല്ലോഷിപ്പ്

നാടന്‍കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുളളവരും മുന്‍ വര്‍ഷങ്ങളില്‍ അക്കാദമിയുടെ ഏതെങ്കിലും അവാര്‍ഡിന് അര്‍ഹരായവരും മുപ്പത് വര്‍ഷത്തെ കലാപ്രാവീണ്യമുള്ളവരുമായ നാടന്‍ കലാകാരന്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

അവാര്‍ഡ്

നാടന്‍ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച ഇരുപത് വര്‍ഷത്തെ കലാപ്രാവീണ്യമുള്ളവരുമായ നാടന്‍ കലാകാരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

ഗുരുപൂജ പുരസ്‌കാരം

അറുപത്തിയഞ്ച് വയസ്സ് പൂര്‍ത്തിയായ നാടന്‍ കലാകാരന്മാരെയാണ് ഇതിനായി പരിഗണിക്കുക. അവാര്‍ഡുകള്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യുവപ്രതിഭാ പുരസ്‌കാരം

നാടന്‍കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടന്‍ കലാകാരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുളള പ്രായപരിധി 18നും 40നും ഇടയില്‍.

കലാ പഠന-ഗവേഷണ ഗ്രന്ഥം

നാടോടി വിജ്ഞാനീയത്തെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ക്ക് കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡുകള്‍ നല്‍കുന്നു. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരന്മാര്‍ക്കും പുസ്തക പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ പരിഗണനക്ക് സമര്‍പ്പിക്കാവുന്നതാണ്. വായനക്കാര്‍ക്കും മികച്ച ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും അടക്കം ചെയ്യണം.

ഡോക്യുമെന്ററി പുരസ്‌കാരം

നാടന്‍ കലകളെ ആധാരമാക്കി അരമണിക്കൂറില്‍ കവിയാത്ത 2020 മുതല്‍ 2022 ഡിസംബര്‍ വരെ കാലയളവിലുളള ഡോക്യുമെന്ററിക്ക് പ്രത്യേക പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് സി ഡികള്‍ ഉണ്ടാവണം. പ്രസ്തുത കാലയളവില്‍ നിര്‍മ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷ ആഗസ്ത് 18നകം സെക്രട്ടറി, കേരള ഫോക് ലോർ അക്കാദമി, പി. ഒ ചിറക്കല്‍, കണ്ണൂര്‍ -11 എന്ന വിലാസത്തില്‍ ലഭിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കലാകാരന്‍മാരെ നിര്‍ദ്ദേശിക്കാവുന്നതാണ്. ഫോണ്‍: 0497 2778090.