സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ടുകൾ. കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.


ഇരുവരുടെയും സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഡിസംബർ 24ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ തീരുമാനിക്കും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും നൽകാനാണ് സാധ്യത. നിലവിൽ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ആന്റണി രാജുവും, അഹമ്മദ് ദേവർകോവിലും മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോവും.


ഡിസംബർ 29ന് സത്യപ്രതിജ്ഞ നടക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ തീയതിയില്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുടെ സമയം കൂടി തേടേണ്ടതുണ്ട്. ഗവർണർ സമ്മതം മൂളിയാൽ ഈ മാസം അവസാനം തന്നെ ഇരുവരുടെയും മന്ത്രിസഭാ പ്രവേശനം നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഇതിന് പിന്നാലെ രാജി വയ്ക്കും. ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്ക് നൽകാറുള്ളത്.

imageആരാകണം അടുത്ത പ്രധാനമന്ത്രി? മോദിയേക്കാള്‍ ബഹുദൂരം മുന്നില്‍ രാഹുല്‍, പിണറായി മൂന്നാമത്
കെബി ഗണേഷ് കുമാറിനും, രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രസ്‌തുത വകുപ്പുകൾ കൈകാര്യം ചെയ്‌ത്‌ മുൻ പരിചയമുണ്ട് എന്നതാണ് പ്രത്യേകത. അതിനാൽ തന്നെ മന്ത്രിസഭാ ഒന്നാകെ അഴിച്ചുപണി നടത്തി വകുപ്പുകൾ വെച്ച് മാറാനുള്ള സാധ്യത നിലവിലില്ല.


കേരള കോൺഗ്രസ് ബിയിലെ ഏറ്റവും ശക്തനായ കെബി ഗണേഷ് കുമാറിന് ഇത് മന്ത്രിയായുള്ള കന്നി അങ്കമല്ല. ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുൻപ് തന്നെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്‌ത അനുഭവം പരിചയമുണ്ട് ഗണേഷിന്. 2001ൽ ആന്റണി മന്ത്രിസഭയിൽ ചുമതല ഏൽക്കുമ്പോൾ 35 വയസ് മാത്രമായിരുന്നു ഗണേഷിന്റെ പ്രായം.