സ്വത്തുവിവരം നല്‍കാതെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍; സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടയും
തിരുവനന്തപുരം: വർഷംതോറും സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി.
ഒട്ടേറെ ജീവനക്കാർ സ്വത്തുവിവരം നൽകാനുണ്ട്.
ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പ്രകാരം പാർട്ട്‌ടൈം ജീവനക്കാർ ഒഴികെ എല്ലാവരും വർഷംതോറും ജനുവരി 15-നകം ഈ വിവരം നൽകണം. ശമ്പളവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ സ്പാർക്ക് മുഖേന വിവരം നൽകാൻ സൗകര്യമൊരുക്കിയിരുന്നു. ജൂലായ് ആയിട്ടും ജീവനക്കാർ വിവരം നൽകാത്തത് സർക്കാർ ഗൗരവമായാണ് കാണുന്നത്.
ഈ വർഷം ഇതുവരെ വിവരം നൽകാത്തവർക്ക് അവസാനത്തെ ഇളവെന്ന നിലയിൽ 10 ദിവസംകൂടി അനുവദിച്ചിരുന്നു. നീട്ടിയ സമയപരിധി 13-ന് അവസാനിക്കും.