ഹജ്ജ്: കേരളത്തിൽ നിന്ന് 16,776 പേർക്ക് അവസരം

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ചവരിൽ 16,776 പേർക്ക് അവസരം.

24,748 പേരാണ് അപേക്ഷിച്ചത്. ഇതിൽ 70 വയസ്സിന് മുകളിലുള്ള 1250 പേർക്കും മെഹ്‌റമില്ലാത്ത വനിതകളുടെ വിഭാഗത്തിൽ 3584 പേർക്കും നേരിട്ട് അവസരം ലഭിക്കും.

പൊതുവിഭാഗത്തിൽ അപേക്ഷിച്ച 19,950-ൽ 11,942 പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം നൽകുക. നറുക്കെടുപ്പ് തിങ്കളാഴ്ച 11 മണി മുതൽ ഡൽഹിയിൽ നടക്കും.

8008 പേരെ കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുത്തും. ഇവർക്ക്‌ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും റദ്ദാക്കുന്ന സീറ്റുകളിൽ മുൻഗണന ക്രമത്തിൽ അവസരം നൽകും. 1500 പേർക്ക് ഇങ്ങനെ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ തിങ്കളാഴ്ച വൈകിട്ട് ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് കവർ നമ്പർ ഉപയോഗിച്ച് പരിശോധിക്കാം.