ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി, കേരളത്തില്‍ നിന്ന് ജനറല്‍ വിഭാഗത്തില്‍ 11,942 പേര്‍ക്ക് അവസരം

ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. ഡല്‍ഹിയില്‍ ന്യൂനപക്ഷ മന്ത്രാലയത്തിലാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തില്‍ നിന്ന് ജനറല്‍ വിഭാഗത്തില്‍ 11,942 പേര്‍ക്കാണ് അവസരം.

70 വയസ് വിഭാഗത്തില്‍ നിന്നുള്ള 1,250 പേരെയും പുരുഷ മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ നിന്ന് 3,584 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇതോടെ മൊത്തം 16,776 പേര്‍ക്ക് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അവസരം കിട്ടും.

ഇവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ hajcommittee.gov.in ലഭ്യമാണ്. കവര്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷകര്‍ക്ക് പരിശോധിക്കാം. സംസ്ഥാനത്ത് നിന്ന് ഇക്കുറി 24,748 പേരാണ് അപേക്ഷിച്ചത്. ബാക്കിയുള്ള 8,008 പേരെ കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തും.

നിര്‍ദേശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്നതിന് അനുസരിച്ച് അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക് കണ്ണൂർ ജില്ല ട്രെയിനിങ് ഓര്‍ഗനൈസറുമായി വാട്സ്ആപ്പില്‍ ബന്ധപ്പെടാം, എം ടി നിസാര്‍ 8281586137