കണ്ണൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ഇന്ന്; ആദ്യ വിമാനം നാളെ പുലർച്ചെ

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ ഹജ്ജ് തീർഥാടകർക്കുള്ള ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കും. ആദ്യ വിമാനം ശനിയാഴ്ച പുലർച്ചെ 5.55-ന് ജിദ്ദയിലേക്ക് പുറപ്പെടും.

ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. തീർഥാടകർക്കുള്ള രേഖകളുടെ വിതരണം കെ കെ ശൈലജ എം എൽ എ നിർവഹിക്കും.

സൗദി എയർലൈൻസിന്റെ വിമാനത്തിൽ 361 തീർഥാടകരാണ് യാത്രതിരിക്കുക. ജൂൺ 10 വരെ ഒൻപത് സർവീസുകളാണ് കണ്ണൂരിൽ നിന്ന് ഉണ്ടാകുക. കണ്ണൂരിൽ നിന്ന് 3164 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷൻമാരും 1899 സ്ത്രീകളുമാണ്‌.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 54 പേർ കണ്ണൂരിലെ പുറപ്പെടൽ കേന്ദ്രം വഴി പോകുന്നുണ്ട്. ഇതിൽ 37 പേർ കർണാടകയിൽ നിന്നും 14 പേർ മാഹിയിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.

ആദ്യ വിമാനത്തിൽ പോകുന്നവർ വെള്ളിയാഴ്ച രാവിലെ പത്തോടെ ക്യാമ്പിൽ എത്തും.

ഒരേസമയം 700-ഓളം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. സർക്കാർ വകുപ്പുകളുടെ വിവിധ സേവനവും മെഡിക്കൽ സൗകര്യവും ക്യാമ്പിൽ ലഭ്യമാണ്. ഹെൽപ്പ് ഡസ്‌കുമുണ്ട്. ഫോൺ: 9495868966