ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം.

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരിൽ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂർത്തിയാക്കും. ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. റിപ്പോർട്ട് പൂർണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അം​ഗങ്ങൾ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികൾ ആവശ്യപ്പെട്ടു. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.