സംസ്ഥാന തലസ്ഥാനം കൊച്ചിയാക്കണം’; ഹൈബിയുടെ ആവശ്യത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം പി പാര്‍ലിമെന്റില്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നതില്‍ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. ആവശ്യത്തിനെതിരെ യു ഡി എഫില്‍ നിന്നടക്കം വിമര്‍ശനമുയര്‍ന്നു.

തലസ്ഥാനം തിരുവനന്തപുരം തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.ഹൈബിയെ തള്ളി ആര്‍ എസ് പിയും രംഗത്തെത്തി. ആവശ്യം തികച്ചും അപ്രസക്തമാണെന്ന് പാര്‍ട്ടി നേതാവ് എന്‍ പി പ്രേമചന്ദ്രന്‍ വ്യക്തമാക്കി. ഇത്തരമൊരു ചര്‍ച്ച പോലും സംസ്ഥാനത്തിന് ഗുണകരമല്ല. മണ്ഡലം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഹൈബിയുടെ നീക്കമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. എറണാകുളത്തു നിന്നുള്ള ജനപ്രതിനിധിക്ക് തോന്നിയ സ്വപ്‌നം മാത്രമാണ് തലസ്ഥാന മാറ്റം.

വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ നിലപാട് വ്യക്തമാക്കണമെന്ന് സി പി എം നേതാവ് എ കെ ബാലന്‍ ആവശ്യപ്പെട്ടു. പരാമര്‍ശത്തില്‍ കെ പി സി സിയുടെ തീരുമാനമുണ്ടോയെന്ന് പറയണം. തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ ഒരു വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. പ്രാദേശിക വികാരം കത്തിക്കുന്നത് എന്തിന്റെ പിന്‍ബലത്തിലാണെന്നും ബാലന്‍ ചോദിച്ചു.