ഹൈറിച്ച് ഉടമകൾ തട്ടിയെടുത്തത് 1157 കോടി

തൃശൂർ : മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകൾ 1157 കോടിരൂപകൈവശപ്പെടുത്തിയെന്ന്എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. എച്ച്. ആ‍ർ കോയിൻ എന്ന പേരിൽ ഒരുകോയിൻപുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി പുറത്തിറക്കിയ കണക്കുകൾ പറയുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയകള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇ.ഡി വ്യക്തമാക്കി. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്റെയും ശ്രീന പ്രതാപന്റെയും വീടുകളിൽ നടത്തിയ റെയ്‌ഡിന് ശേഷമാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.

അഞ്ചു കമ്പനികൾ വഴിയാണ് 1157 കോടി രൂപ തട്ടിയെടുത്തത്. ക്രിപ്റ്റോ ഇടപാടുകൾ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ഇവർ നടത്തിയത്. അഞ്ചു കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. സമാഹരിച്ച പണം വിദേശത്തേക്ക്കടത്തിയെന്നും സംശയമുണ്ട്. പ്രതാപനും ഭാര്യ ശ്രീനയും ഹൈറിച്ച് കൂപ്പൺ വഴിയും നിക്ഷേപകരുമായി ഇടപാടുകൾനടത്തിയിരുന്നു.ഇ.ഡിയുടെറെയ്‌ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമകളായ കെ.ഡി. പ്രതാപനും ശ്രീനയും ഇപ്പോഴും ഒളിവിലാണ്. ഇവർ‌ക്കെതിരെ കള്ളപ്പണ ഇടപാടിന് പി.എം.എൽ.എ പ്രകാരം കേസെടുത്തിട്ടുണ്ട്.