ഇന്ത്യ-പാക് സംഘര്‍ഷം:ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു
ദില്ലി: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.