ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്

പ്രേക്ഷകർക്ക് എന്നും ഓർക്കാൻ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ അനശ്വര നടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഒർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ് കഴിഞ്ഞ വർഷം മാർച്ച് 26ന് ഇന്നസെന്റ് വിടവാങ്ങിയത്. അറുന്നൂറിലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിങ്, മണിച്ചിത്രത്താഴ്, കാബൂളിവാല. വിയറ്റ്‌നാം കോളനി, കിലുക്കം, കാക്കക്കുയിൽ, പശുപതി, വേഷം, ദേവാസുരം, രാവണപ്രഭു, മിഥുനം തുടങ്ങി നിരവധി സിനിമകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങളെ ഇന്നസെന്‍റ് മലയാളിക്ക് സമ്മാനിച്ചു.

തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടും ഇന്നച്ചൻ എന്ന സിനിമാ ലോകം സ്‌നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ മൂന്നുപതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന താരമാണ് ഇന്നസെന്റ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ നടന്‍ എന്നതിനപ്പുറം അതിജീവനപ്പോരാളി കൂടിയായിരുന്നു ഇന്നസെന്റ്.