റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും.
ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളുടെ വിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടാകുക. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപയാകും. അതേ കാലയളവിൽ പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ചെലവ് 209 രൂപയിൽ നിന്ന് 249 രൂപയായി വർധിക്കും. പ്രതിദിനം 1.5 ജിബി പ്ലാനിൻ്റെ വില 239 രൂപയിൽ നിന്ന് 299 രൂപയായി ഉയരും. 2 ജിബി പ്രതിദിന പ്ലാനിന് ഇപ്പോൾ 299 രൂപയിൽ നിന്ന് 349 രൂപയാകും.
ഉയർന്ന ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക്, അതായത്, പ്രതിദിനം 2.5 ജിബി പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് 349 രൂപയിൽ നിന്ന് 399 രൂപയായും 3 ജിബി പ്രതിദിന പ്ലാൻ 399 രൂപയിൽ നിന്ന് 449 രൂപയായും ഉയരും. ഈ മാറ്റങ്ങൾ ഡാറ്റ ഉപയോക്താക്കളുടെ പ്രതിമാസ ചെലവുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കും.
ദൈർഘ്യമേറിയ പ്ലാനുകളും വില വർധനവിൽ നിന്നും ഒഴിവാക്കിയിട്ടില്ല. രണ്ട് മാസത്തെക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് ഇപ്പോൾ പുതുക്കിയ വില 579 രൂപയാണ്. പ്രതിദിനം 2 ജിബി പ്ലാൻ 533 രൂപയിൽ നിന്ന് 629 രൂപയായി ഉയർത്തും. കൂടാതെ, മൂന്ന് മാസത്തെ 6 ജിബി ഡാറ്റ പ്ലാനിന് 395 രൂപയിൽ നിന്ന്. 479 രൂപയാകും.
-----------------------------------------------