കെ.ടെറ്റ് പരീക്ഷ ഫലം വൈകുന്നു; പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ

കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാഴ്ത്തുന്നു. ആയിരക്കണക്കിന് പേർക്ക് എൽ.പി / യു .പി ടീച്ചർ പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക.ഡിസംബർ 29 , 30 തീയതികളിലാണ് കെ.ടെറ്റ് പരീക്ഷ നടന്നത്. എൽ. പി / യു.പി പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.

ഡി.എൽ.എഡ് / ബി.എഡ് കോഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾ അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് എഴുതി ഫലം കാത്തിരിക്കുകയാണ്.എൽ.പി / യു.പി പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കണമെങ്കിൽ കെ.ടെറ്റ് പരീക്ഷ വിജയിക്കണം. ഫലം പ്രസിദ്ധീകരിക്കാൻ വൈകിയാൽ നിരവധി വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കാൻ പോലും കഴിയില്ല.ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എൽ.പി / യു.പി പി.എസ്.സി പരീക്ഷക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്നും എത്രയും വേഗത്തിൽ കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.