കളമശ്ശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

കളമശ്ശേരി: കളമശ്ശേരി സാമ്‌റ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി. ഇയാൾക്കെതിരെ പോലീസ് ചുമത്തിയ യുഎപിഎയാണ് പിന്‍വലിച്ചിരിക്കുന്നത്. സ്ഫോട വസ്തു നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കും. ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. സംഭവത്തിൽ 6 പേർ മരണപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും പൊള്ളലേക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിലാണ് സ്‌ഫോടനമുണ്ടായത്.

യഹോവ സാക്ഷികളോടുള്ള എതിര്‍പ്പാണ് സ്‌ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞത്. സ്‌ഫോടനം നടത്താന്‍ വേണ്ടി രണ്ട് ഐ.ഇ.ഡി ബോംബുകളാണ് മാര്‍ട്ടിന്‍ നിര്‍മിച്ചത്. ഇത് രണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കൊടകര പോലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് മാര്‍ട്ടിന്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. സ്ഫോടനം നടത്താൻ ആവശ്യമായ വസ്തുക്കൾ തൃപ്പൂണിത്തുറയിലെ പടക്ക കടയിൽ നിന്നാണ് വാങ്ങിയതെന്നും മാർട്ടിൻ നൽകിയ മൊഴിയിൽ സൂചിപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഡൊമിനിക്ക് മാര്‍ട്ടിന്‍ സ്വയം പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു.