സംസ്ഥാന സ്‌കൂൾ കലോത്സവം 4 മുതൽ 8 വരെ ; 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ പങ്കെടുക്കും

കൊല്ലം
അറുപത്തിരണ്ടാമത്‌ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലു മുതൽ ഏട്ടുവരെ കൊല്ലത്ത്‌ നടക്കും. 239 ഇനങ്ങളിലായി 14,000- പ്രതിഭകൾ പങ്കെടുക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സംഘാടക സമിതി ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലിന് രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്‌ഘാടനംചെയ്യും. 2008- ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദിയായത്. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും.

എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1000- രൂപ നൽകും. വിധിനിർണയത്തിനെതിരെയുള്ള പരാതികളിൽ അന്തിമതീരുമാനം സംസ്ഥാനതല അപ്പീൽകമ്മിറ്റി എടുക്കും.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൂന്നു മുതൽ എട്ടുവരെ ഹെൽപ്പ് ഡെസ്‌കുണ്ടാകും. കൊല്ലം ടൗൺ യുപിഎസിൽ മൂന്നുമുതൽ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. ഒരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുണ്ട്‌. ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ താമസസൗകര്യം ആവശ്യമെങ്കിൽ രേഖപ്പെടുത്താൻ സൗകര്യമുണ്ട്‌.ഗോത്രകലയായ മങ്ങലംകളി ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകും. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമങ്ങളിൽ നടത്തിവരുന്ന നൃത്തമാണിത്. അടുത്ത തവണ മുതൽ ഗോത്രകലകൾ മത്സര ഇനമാക്കുന്നത്‌ സജീവ പരിഗണനയിലാണെന്നും കലോത്സവ മാനുവൽ വിശദമായി പരിഷ്കരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു