കനാൽ വഴിയുള്ള ജലവിതരണം നിർത്തി
മട്ടന്നൂർ: കൊടുംവരൾച്ചയുടെ സൂചന നൽകി പഴശ്ശി ജല സംഭരണിയിൽ നാൾക്കുനാൾ ജലനിരപ്പ് താഴുന്നു.
ഒരുമാസത്തിനിടെ ജലനിരപ്പ് രണ്ട് മീറ്റർ കുറഞ്ഞു. ജലനിരപ്പ് ക്രമാതീതമായി കുറയാൻ തുടങ്ങിയതോടെ പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം നിർത്തി.
ഫെബ്രുവരി ആദ്യ വാരം ജല നിരപ്പ് 26.52 മീറ്റയിരുന്നത് നിലവിൽ 24.52 മീറ്ററായി കുറഞ്ഞു. 200ൽ അധികം ദശലക്ഷം ലിറ്റർ വെള്ളമാണ് പഴശ്ശി പദ്ധതിയിൽ നിന്ന് ദിനംപ്രതി കുടിവെള്ളത്തിനായി പമ്പ് ചെയ്യുന്നത്.
തുലാമഴ ഗണ്യമായി കുറഞ്ഞതും വേനൽമഴ ലഭിക്കാതിരുന്നതും പദ്ധതിയിലേക്കുള്ള നീരൊഴുക്കിൽ വൻ കുറവുണ്ടായത്. കുടക് ജില്ലയിൽ മഴ കുറഞ്ഞതും പഴശ്ശിക്ക് തിരിച്ചടിയായി.
കണ്ണൂർ കോർപ്പറേഷൻ, ഏഴ് നഗരസഭ, 36 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്.
ആറ് വലിയ പദ്ധതികളും അഞ്ച് ചെറുകിട പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മൂന്നിൽ ഒന്ന് മാത്രമാണ് ഇപ്പോൾ നീരുറവകളായി പദ്ധതിയിലേക്ക് എത്തുന്നുള്ളു.