ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

കണ്ണൂർ: സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു അധ്യയന വര്‍ഷം ഒരുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു. സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ചേര്‍ന്നത്.

ഇതുവരെ സ്‌കൂള്‍ തലങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കണ്ണൂര്‍ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ പി അംബിക യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 1285 സ്‌കൂളുകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലാ തല പ്രവേശനോത്സവം ചിറ്റാരിപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂണ്‍ മൂന്നിന് നടക്കും.
യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് , ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.