പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ ഭാഗികമായി തുറന്നു

മട്ടന്നൂർ: മഴ ശക്തമായതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ ഭാഗികമായി തുറന്നു. പദ്ധതിയുടെ 16 ഷട്ടറുകളിൽ രണ്ടെണ്ണം ഇരുപത് സെന്റീമീറ്റർ വീതം ഉയർത്തിയാണ് പദ്ധതിയിലേക്ക് ഒഴുകി വരുന്ന അധികജലം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ആവശ്യമെങ്കിൽ നിരൊഴുക്കിന്റെ ശക്തി നോക്കി കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന് പഴശ്ശി ജലസേചന വിഭാഗം അധികൃതർ അറിയിച്ചു.

പദ്ധതിയുടെ സംഭരണ ശേഷി 26.52 മീറ്ററാണ്. ജില്ലയിലെ മൂന്നിൽ രണ്ട് ഭാഗങ്ങളിൽ കുടിവെള്ളം എത്തുന്നത് പഴശ്ശിയിൽനിന്നാണ്.

ജൂണിൽ മഴയുടെ ശക്തി കുറഞ്ഞാൽ കുടിവെള്ള വിതരണത്തിനുള്ള പമ്പിങ് സ്റ്റേഷനുകൾ പ്രതിസന്ധിയിലാകും. ഇത് കൂടി മുന്നിൽ കണ്ടാണ് ഷട്ടറുകൾ ഭാഗികമായി തുറന്ന് നീരൊഴുക്കിന്റെ ഗതി വിഗതികൾ നിരീക്ഷിക്കുന്നത്.