മാഹി ബൈപ്പാസിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം

മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. സിഗ്നൽ കാത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന ആലപ്പുഴ സ്വദേശി ശിവപ്രസാദാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം.കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയിൽ നിന്നും വന്ന കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി അൽപ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽ പെട്ടത്. ശിവ പ്രസാദിന്റെ ഭാര്യയ്ക്കും അപകടത്തിൽ പരിക്കേറ്റു. ഭാര്യയുടെ കാലിനാണ് പരിക്ക്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ മുൻ സീറ്റിലായിരുന്നു ഇരുന്നത്.

രണ്ട് പെൺകുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പിൻ സീറ്റിലായിരുന്നു ഇരുന്നത്. ശിവപ്രസാദിന്റെ മൃതദേഹം തലശ്ശേരി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാർ പാടെ തകർന്നു. തലശ്ശേരി അഗ്നിശമന സേനയും, തലശ്ശേരി പോലീസുമാണ് ആദ്യം അപകട സ്ഥലത്തെത്തിയത്. ഫയർ സർവീസ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. പള്ളൂർ എസ്.ഐ. റെനിൽ കുമാറും സംഘവും അപകടസ്ഥലത്തെത്തി. പള്ളുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന സ്ഥലം.