ഹരിതാന്വേഷികളുടെ സംഗമം
35 വർഷങ്ങൾക്ക് മുമ്പ് താപ്തി മുതൽ കന്യാകുമാരി വരേ പശ്ചിമഘട്ട സംരക്ഷണ യാത്ര സംഘടിപ്പിച്ചപ്പോൾ അതിന് നേതൃത്വം കൊടുത്തവരും അതിൽ പങ്കാളികളായവരുമടക്കം ദക്ഷിണേന്ത്യയിലെ വിവിധ പരിസ്ഥിതി മുന്നേറ്റങ്ങളുടെ ഭാഗമായ പരിസ്ഥിതി പ്രവർത്തകർ കണ്ണൂർ പയ്യന്നൂരിനടുത്തുള്ള കാനായിയിൽ ഒത്തുചേർന്നു. സമരാനുഭവങ്ങളുടെ ഓർമ്മ പുതുക്കൽ നടത്തിയ സംഗമം ആഗോളതാപനത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും ജൈവ സന്തുലിതാവസ്ഥയെക്കുറിച്ചും അനുഭവ വീക്ഷണങ്ങളിലൂടെ പരസ്പരം സംവദിച്ചു.
TP പത്മനാഭൻ മാസ്റ്റർ മോഡറേറ്ററായ ചടങ്ങിൽ കേരളം തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
കഴിഞ്ഞ 40 വർഷക്കാലമായി ഇന്ത്യയിലെ ഏറെക്കുറെ എല്ലാ പരിസ്ഥിതി സമരങ്ങളിലും പങ്കാളിയാവുകയും നേതൃത്വം വഹിക്കുകയും ചെയ്ത എ.മോഹൻകുമാറിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇങ്ങനെയൊരു സംഗമം സംഘടിപ്പിച്ചത്.
മോഹൻകുമാറിന്റെ നാല് പതിറ്റാണ്ട് കാലത്തെ സമരാനുഭവങ്ങളിൽ നിന്ന് വിവിധ കാലങ്ങളിലായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘ഒരു ഹരിതാന്വേഷിയുടെ തിരിച്ചറിവുകൾ – പീറ്റർ ഷുമാൻ അപ്പം ചുടുന്നത് എന്തിന്? ‘ എന്ന പേരിലുള്ള പുസ്തകമായി പുറത്തിറക്കിയത്. അറിയപ്പെടുന്ന ജൈവ കർഷകനും, എഴുത്ത്കാരനും കുടക് സ്വദേശിയുമായ വിവേക് കരിയപ്പയാണ് പുസ്തകം പ്രകാശനം ചെയ്തത്.അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറും, എഴുത്തുകാരനുമായ NA നസീർ പുസ്തകം ഏറ്റുവാങ്ങി.മാധ്യമ പ്രവർത്തകനായ അനൂപ് അനന്തൻ പുസ്തകം വിലയിരുത്തി കൊണ്ട് സംസാരിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് പോണ്ടിച്ചേരിയിൽ ആയിരത്തോളം ഏക്കർ തരിശുഭൂമി വനമാക്കി മാറ്റിയ ശരവണൻ പോണ്ടിച്ചേരിയും, പരിസ്ഥിതി പ്രവർത്തകൻ Dr. E.ഉണ്ണികൃഷ്ണൻ,കുസുമം ജോസഫ്, വി.എസ് അനിൽകുമാർ, ഫാദർ വട്ടോളി, യുവകർഷകനായ വി.സി വിജിത്ത്,VM മൃദുൽ അഡ്വക്കേറ്റ് ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. വി.സി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ വനം വകുപ്പ് CCF Dr. ഒ.ജയരാജ് അധ്യക്ഷനായി.
T. സുജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു.