അടിപ്പാത നിർമാണം; കോൺക്രീറ്റ് പണിക്കിടെ പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു

പാപ്പിനിശ്ശേരി: ദേശീയപാത കീച്ചേരി ജംക്ഷനിൽ അടിപ്പാതയുടെ പ്രധാന സ്ലാബിന്റെ കോൺക്രീറ്റ് പണി നടക്കുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം താഴേക്ക് അടർന്നുവീണു. ഇന്നലെ വൈകിട്ട് 7.15നാണ് അപകടം. കോൺക്രീറ്റ് മിശ്രിതവും, നിർമാണ സാമഗ്രികളും തിരക്കേറിയ സർവീസ് റോഡിലേക്കാണ് വീണത്. ഈ സമയം വാഹനങ്ങളും ആൾക്കാരും കടന്നുപോകാത്തതിനാൽ വൻ അപകടം ഒഴിവായി. പാലത്തിന്റെ അരികിൽ തകർച്ച ശ്രദ്ധയിൽപെട്ട തൊഴിലാളികൾ മുകളിൽ നിന്നും പെട്ടെന്ന് മാറിനിന്നു.അപകട സമയം പാലത്തിന് സമീപം നടന്നുപോയ സ്ത്രീ നിമിഷങ്ങളുടെ വ്യത്യാസത്തിനിടെയാണ് രക്ഷപ്പെട്ടത്. കോൺക്രീറ്റ് പൂർത്തിയായ സ്ലാബിന്റെ 10 മീറ്ററിലധികം ഭാഗം താഴേക്ക് ചെരിഞ്ഞ നിലയിലാണ്. കനത്ത മഴയ്ക്കിടെയാണ് പാലത്തിനു മുകളിൽ കോൺക്രീറ്റ് പണി നടന്നത്. സ്ലാബിന്റെ അരികിലെ ഭാഗം ചെരിഞ്ഞു തൂങ്ങി കോൺക്രീറ്റ് താഴേക്ക് ഒലിച്ചിറങ്ങിയതാണ് തകർച്ചയ്ക്ക് കാരണം. തുടർന്നു ഇരുമ്പു ഷീറ്റുകളും, തൂണുകളും താഴേക്ക് വീണു.

.