ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന
കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയിൽ ഏറെയായി.
കഴിഞ്ഞ വർഷം ജൂണിൽ 25 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 90 കേസുകളാണ്.
ഈ വർഷം ഡെങ്കിപ്പനി രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് 885 പേർ ആശുപത്രിയിൽ എത്തിയെങ്കിൽ കഴിഞ്ഞ വർഷം ഇത് 130 ആയിരുന്നു. അതേസമയം മറ്റ് പനിബാധിതരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ 28 ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് 15,092 പേരാണ്. 18നാണ് ഏറ്റവും കൂടുതൽ പേർ പനി ബാധിച്ച് ചികിത്സ തേടിയത്. 797 പേർ.
ജൂൺ രണ്ടിനാണ് ഏറ്റവും കുറവ് പേർക്ക് പനി റിപ്പോർട്ട് ചെയ്തത്. 146 പേർ. പനി ബാധിച്ചവരിൽ 198 പേർക്ക് കിടത്തി ചികിത്സ വേണ്ടി വന്നു. അതേസമയം, കഴിഞ്ഞ വർഷം ഇക്കാലയളവിൽ പനിക്ക് ചികിത്സ തേടിയത് 19,947 പേരാണ്.