കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മെഴ്‌സി രവിയുടെ ദീപ്തമായ ഓർമ്മകൾക്ക് ഒന്നര പതിറ്റാണ്ട്

കണ്ണൂർ:കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മെഴ്‌സി രവിയുടെ ദീപ്തമായ ഓർമ്മകൾക്ക് ഒന്നര പതിറ്റാണ്ട്. ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മാധവ റാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തളാപ്പ് മാധവറാവു സിന്ധ്യ ആശുപത്രിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കറ്റ് പി. ഇന്ദിര അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. പരിചയപ്പെടുന്നവരോടെല്ലാം ഹൃദയംകൊണ്ട് സംസാരിച്ച വ്യക്തിയായിരുന്നു മേഴ്സി രവിയെന്ന് അഡ്വ. പി . ഇന്ദിര പറഞ്ഞു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര വേദികളിൽ പോലും വീറോടെ പൊരുതിയ മേഴ്സി രവി ധീരതയുടെയും സഹജീവി സ്നേഹത്തിന്റെയും ഉദാത്ത മാതൃകകൾ പൊതുസമൂഹത്തിന് സമ്മാനിച്ചാണ് മടങ്ങിയത്. അതുകൊണ്ടുതന്നെകാലം കഴിയുന്തോറും തിളക്കം കൂടുകയാണ് മേഴ്സിരവിയുടെ ഓർമ്മകൾക്ക് എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.. അനുസ്മരണ ചടങ്ങിനൊപ്പം മേഴ്സി രവിയുടെ ഓർമ്മയിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി നടത്തുന്ന മാധവറാവു സിന്ധ്യ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ അനുകരണീയമായ മാതൃകയാണെന്നും അഡ്വ. പി. ഇന്ദിര പറഞ്ഞു. അനുസ്മരണ യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ കെ പ്രമോദ് അധ്യക്ഷത വഹിച്ചു.. ഡിസിസി സെക്രട്ടറി ടി. ജയകൃഷ്ണൻ, സി. ടി. ഗിരിജ, ജോഷി കണ്ടത്തിൽ, കൂക്കിരി രാജേഷ്, ഷൈജ സജീവൻ, ഉഷ, പി. വിനോദൻ, ജയ്സൺ തോമസ്, വസന്തൻ പള്ളിയാം മൂല, വികാസ് അത്താഴകുന്ന്, പുന്നക്കൽ മുഹമ്മദലി, മോഹനാംഗൻ തുടങ്ങിയവർ സംസാരിച്ചു.. മേഴ്സി രവിയുടെ സ്മരണയിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അമ്മയ്ക്കൊരു ഓണക്കോടി പദ്ധതിക്കും ഇന്ന് തുടക്കമായി. ഈ വർഷത്തെ ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം മേലെ ചൊവ്വ അമലാഭവനിൽ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് നിർവഹിച്ചു. ജില്ലയിലെ അനാഥ അഗതി മന്ദിരങ്ങളിലെ 1500 പേർക്കാണ് അമ്മയ്ക്കൊരു ഓണക്കോടി പദ്ധതിയിലൂടെ ഈ വർഷവും ഓണക്കോടികൾ സമ്മാനിക്കുന്നത്. ഈ മാസം 13 വരെ ഓണക്കോടി വിതരണം നീണ്ടു നിൽക്കും.