ഹജ്ജ്: കേരളത്തിൽനിന്ന് 14,590 പേർ

2025ലെ ഹജ്ജ് തീർഥാടനത്തിന് കേരളത്തിൽ നിന്ന് സർക്കാർ ക്വാട്ടയിൽ 14,590 പേർക്ക് അവസരം ലഭിക്കും. 6046 പേർ വെയ്‌റ്റ് ലിസ്റ്റിലുണ്ട്. കേരളത്തിൽ നിന്ന് 20,636 പേരാണ് അപേക്ഷിച്ചത്. നറുക്കെടുപ്പിലൂടെ ജനറൽ വിഭാഗത്തിൽ 8305 പേരെ തിരഞ്ഞെടുത്തു. 65 കഴിഞ്ഞവരുടെ വിഭാഗത്തിൽ 3462 പേർക്കും മെഹ്റം (ആൺ തുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 2823 പേർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു.

തിരഞ്ഞടുക്കപ്പെട്ടവർ 21-നകം ആദ്യ ഗഡുവായ 1,30,300 രൂപ അടക്കണം. hajcommittee.gov.in എന്ന വെബ്സൈറ്റ്, ഹജ്ജ് സുവിധ ആപ് വഴിയോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകൾ വഴിയോ അടക്കാം.

തുടർന്ന് 23-നകം ഹജ്ജ് അപേക്ഷ ഫോം, സമ്മതപത്രം, പേ ഇൻ സ്ലിപ്, ഓൺലൈൻ രസീത്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ സംസ്‌ഥാന ഹജ്ജ് കമ്മിറ്റിക്ക് നൽകണം. മറ്റ് സംസ്ഥാനങ്ങളിൽ സ്ലോട്ടുകൾ റദ്ദായാൽ കേരളത്തിന് കൂടുതൽ അവസരം ലഭിച്ചേക്കുമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി അറിയിച്ചു.