റോൾ പ്ലേ മത്സരം പെരളശ്ശേരി സ്കൂളിന് ഒന്നാം സ്ഥാനം
കണ്ണൂർ: പാലയാട് ഡയറ്റിൽ വച്ച് നടന്ന ജില്ലാതല റോൾ പ്ലേ മത്സരത്തിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂൾ റോൾ പ്ലേ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. നാഷണൽ റോൾ പ്ലേ മത്സരത്തിന്റെ ഭാഗമായി ഡയറ്റ് പാലയാടിന്റെ നേതൃത്വത്തിലാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്. 2022ലും 2014ലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയതലമത്സരത്തിൽ പങ്കെടുത്ത പെരളശ്ശേരി സ്കൂൾ ടീം 2022ൽ ഡൽഹിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. 2019ലും 2021ലും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും 2022ൽ ഒന്നാം സ്ഥാനവും നേടിയ പെരളശേരി സ്കൂൾ ടീം പതിനൊന്നാം തവണയാണ് ജില്ലാ തലത്തിൽ ഒന്നാമതാകുന്നത്. ‘റൈസ് ഏന്റ് ഷൈൻ’ എന്ന റോൾ പ്ലേയിലൂടെ ലഹരി വിരുദ്ധസന്ദേശമാണ് കുട്ടികൾ നൽകുന്നത്.
പ്രത്യേക വേഷങ്ങളോ ചമയങ്ങളോ പശ്ചാത്തലസംഗീതമോ ഇല്ലാതെയാണ് റോൾ പ്ലേ അവതരിപ്പിക്കുന്നത്.
ഒരു കുട്ടിയുടെ ജീവിതകഥയിലൂടെ, മയക്കുമരുന്ന് സാമൂഹ്യ ജീവിതത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുള്ള ബോധവൽക്കരണവും
ലഹരിക്കെതിരെയുള്ള പ്രതിരോധവും ഈ റോൾപ്ലേ കാണികളിലെത്തിക്കുന്നു.
ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥികളായ അഭിരാമി സത്യൻ, ആശിർവാദ് ജെ എസ്, പാർത്ഥിവ് ആർ, സിദ്ധാർത്ഥ് എസ് കുമാർ, ശ്രീഹിത് എം എന്നിവരാണ് റോൾ പ്ലേ അവതരിപ്പിച്ചത്.
ബ്രണ്ണൻ കോളജ് പിജി വിദ്യാർത്ഥിയും നാടകപ്രവർത്തകനുമായ നിപുൺ പായം, പെരളശ്ശേരി ഹൈസ്കൂൾ ഇംഗ്ളിഷ് അധ്യാപകരായ സിന്ധു ജോൺ, ഷീബ എൻ. കെ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.