പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ അദാലത്ത്: 53 പരാതികൾ തീർപ്പാക്കി
കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ 53 കേസുകൾ തീർപ്പാക്കി. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷന്റെ മുമ്പാകെ സമർപ്പിച്ചതും വിചാരണയിലിരിക്കുന്നതുമായ 66 പരാതികളാണ് ചെയർമാൻ ശേഖരൻ മിനിയോടന്റെയും അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ വാസു എന്നിവരുടെയും നേതൃത്വത്തിൽ കമ്മീഷൻ പരിഗണിച്ചത്.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വൈകീട്ട് വരെ നടന്ന അദാലത്തിൽ പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കമ്മീഷൻ നേരിൽ കേട്ടു. പതിച്ചു കൊടുക്കുന്ന ഭൂമി നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും കമ്മീഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പരാതികളിൽമേൽ ഉണ്ടാകുന്ന വീഴ്ചകൾ കർശനമായി കൈകാര്യം ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു. പുതുതായി 43 പരാതികളും കമ്മിഷന് മുന്നിലെത്തി. ബന്ധപ്പെട്ടവരിൽ നിന്നും റിപ്പോർട്ട് തേടിയ ശേഷം പുതിയ പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കമ്മീഷൻ അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദു രാമനാഥ്, സെക്ഷൻ ഓഫീസർ വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.