മഞ്ഞപ്പിത്ത വ്യാപനം: ജില്ല മുഴുവൻ ഉറവിട പരിശോധന

കണ്ണൂർ: മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ്‌ നടത്തുന്ന ഉറവിട പരിശോധന ജില്ല മുഴുവൻ വ്യാപിപ്പിക്കും.

ജനുവരി ഒന്ന് മുതൽ 7 വരെ ക്ലോറിനേഷൻ വാരാചരണം സംഘടിപ്പിക്കും. മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാക്കാനുള്ള പരിപാടിയുമായി ജനങ്ങൾ സഹകരിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

തളിപ്പറമ്പ് മാതൃകയിൽ ജില്ലയിലെ എല്ലാ നഗരങ്ങളിലും കുടിവെള്ള സ്രോതസുകൾ അന്വേഷിക്കും. നഗരങ്ങളിലെയും നീർച്ചാലുകളും തോടുകളും ഒഴുകുന്നതിന് സമീപത്തെയും കിണറുകളിലെ വെള്ളം പരിശോധിക്കും.

ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ ജോലിക്കെടുക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം തടയും.

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത പകർച്ചവ്യാധിയുടെ നിയന്ത്രണ ഭാഗമായി ഉറവിട പരിശോധനയും ബോധവൽകരണ പ്രവർത്തനവും ആരോഗ്യ വകുപ്പ്‌ ഊർജിതമാക്കി.