ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ സീരിയല്‍ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പൊലീസും ഇടപെട്ട് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂരില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന നടിയെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയോടെയാണ് കൂടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവനക്കാരോടും രോഗികളോടും ഇവര്‍ തട്ടിക്കയറുകയായിരുന്നു.

ഇതേ പെരുമാറ്റം തുടര്‍ന്നതോടെ മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നടി ലഹരി ഉപയോഗിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു. താന്‍ തുടര്‍ച്ചയായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുവരികയാണെന്നും ആശുപത്രിയില്‍ എത്തിച്ചവര്‍ക്കൊപ്പം പോകില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യമുണ്ടെന്നും നടി ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.