എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ ആറുവയസ്സുകാരിയുൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.

തലശ്ശേരി : എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ ആറുവയസ്സുകാരിയുൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവർ തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെ 8.30-നാണ് നായകളുടെ അക്രമം തുടങ്ങിയത്. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കും വീട്ടുമുറ്റത്ത് നിന്നവർക്കുമുൾപ്പെടെ കടിയേറ്റു. രണ്ട് നായകളാണ് അക്രമിച്ചത്. കോറോത്ത് പീടികയ്ക്ക് സമീപം സ്കൂൾബസ് കാത്തുനിൽക്കുമ്പോഴാണ് യു.കെ.ജി. വിദ്യാർഥിനി കൃഷ്ണപുരം പാർവണയ്ക്ക്‌ (ആറ്) കടിയേറ്റത്.ചുമലിനും കാലിനും ആഴത്തിൽ മുറിവേറ്റു. കുട്ടിയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയൻ (58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയ പറമ്പിൽ അനന്യ (15), ചോനാടം അണ്ടിക്കമ്പനിക്ക് സമീപത്തെ കച്ചവടക്കാരൻ സുശാന്ത് (58), ചോനാടം ബല്ല അപാർട്ട്മെന്റ് ഉടമ ജോർജ് (65), ചോനാടം വാഴയിൽ വീട്ടിൽ ശ്രേയ (20) എന്നിവർക്കുമാണ്‌ കടിറ്റേത്‌.
ജോലിക്കായി ചോനാടത്ത് എത്തിയ പാലയാട് പദ്മിനി നിവാസിൽ മഹേഷിനും (50) കടിയേറ്റു. ഒരാളുടെ കൈവശമുണ്ടായിരുന്ന ബാഗ് നായ കടിച്ചുകൊണ്ടുപോയി. ഒരു നായയെ തല്ലിക്കൊന്നു.