സംസ്ഥാന ബഡ്സ് കലോത്സവം ജനുവരി 20, 21 തീയതികളിൽ ബ്രണ്ണൻ കോളേജിൽ

കണ്ണൂർ | കുടുംബശ്രീ നേതൃത്വത്തിൽ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ സംസ്ഥാന കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും.

20-ന് രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പതിനെട്ട് ഇനങ്ങളിലായി 296 കുട്ടികൾ മാറ്റുരയ്ക്കും.

ലളിതഗാനം, നാടൻ പാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്ന വേഷം, ഉപകരണ സംഗീതം – ചെണ്ട ആൻഡ് കീബോർഡ്, പെയിൻ്റിങ് (ക്രയോൺസ്), പെൻസിൽ ഡ്രോയിങ്, എംബോസ് പെയിൻ്റിങ് തുടങ്ങിയ വ്യക്തിഗത ഇനങ്ങളും സംഘനൃത്തം, ഒപ്പന എന്നിവയാണ് മത്സര വിഭാഗങ്ങൾ.

കലോത്സവത്തിൻ്റെ ഭാഗമായി 18-ന് വൈകിട്ട് 3.30-ന് മുഴപ്പിലങ്ങാട് ബീച്ചിൽ ബലൂൺ പറത്തൽ, ബഡ്‌സ് സ്‌കൂൾ അധ്യാപകർക്ക് ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, പൊതു ജനങ്ങൾക്ക് പ്രവചന മത്സരം എന്നിവയും നടക്കും.

സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും ജനുവരി 21-ന് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.